ചാത്തന്‍ അദ്യശശക്തിയുടെ മായവലയം
ചാത്തൻ; യുഗാന്തരങ്ങളിലെ യാഥാർഥ്യവും ഭ്രമവും
കേരളത്തിലെ വളരെ പ്രമുഖമായ ഒരു ആരാധ്യദേവതയാണ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ. ബാലഭൂതം, കുട്ടിശാസ്താവ്, ചാത്തൻ, പൊന്നുണ്ണി, വിഷ്ണുമായ അങ്ങനെയും നിരവധി പേരുകൾ അദ്ദേഹത്തിനുണ്ട്. പരമശിവന് കൂളിവാക എന്നു പറയുന്ന ആദിവാസി സ്ത്രീയിൽ ജനിച്ച ശിശുവാണ് വിഷ്ണുമായ. (കൂളിവാക തന്നെ പൂർവ ജന്മത്തിൽ പരമശിവന്റെ തോഴിയായിരുന്നു എന്ന് ഒരു ഐതീഹ്യ വിശ്വാസമുണ്ട്.
അന്ന് കൂളിവാക പാർവതി ദേവിയറിയാതെ ഗണപതിക്ക് മുലയൂട്ടിയെന്നും അതിൽ കുപിതയായി ദേവി, അടുത്ത ജന്മം നീ ഒരു വനവാസിയാകട്ടെ എന്നു ശപിച്ചുവെന്നും കഥ ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി.
ശാപമോക്ഷമായി, അന്ന് ഭഗവാൻ നിന്നെ വേൾക്കുമെന്നനുഗ്രഹിച്ചു എന്നുകൂടി പറയട്ടെ.) അങ്ങിനെ പരമശിവന് ആ കൂളിവാകയിൽ ജനിച്ചത് 400 കുട്ടികളാണ്. ഇവരെയാണ് ചാത്തന്മാർ എന്ന്. പറയുന്നത്. അതിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി. ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുന്നു. ഇളയകുട്ടിയാണ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ഈ ചാത്തന്മാരുടെ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവരുടെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു.
അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു. വിവരങ്ങളറിഞ്ഞ് പൊന്നുണ്ണി കൈലാസത്തിൽ പോയി. അവിടെ.. നന്ദികേശൻ കവാടത്തിൽ വെച്ച് ആകുട്ടിയെ തടഞ്ഞു. അകത്തേക്ക് പോകാനായി മായയാൽ വിഷ്ണുവിന്റെ രൂപം ധരിച്ചു. അകത്ത് കയറി ശിവപാർവ്വതിമാരേക്കണ്ട് ആശീർവാദം വാങ്ങി. വിഷ്ണുവിനെ മായാരൂപത്തിൽ സ്വീകരിച്ചതു കൊണ്ട് ഭഗവാൻ അനുഗ്രഹിച്ച് ആ അദ്‌ഭുത ബാലന് വിഷ്ണുമായ എന്നു പേരു നൽകി. ജലന്തരാസുരനെ വധിക്കാനുള്ള യുദ്ധത്തിൽ കൂടെയുള്ള 400 ചാത്തൻമാരിൽ 10 പേർ ബ്രഹ്മാസ്ത്രം വിഴുങ്ങി സ്വയം കൊല്ലപ്പെടുന്നു. പിന്നെ ബാക്കിയുള്ള 390 ചാത്തന്മാരും അവരുടെ നേതാവായി വിഷ്ണുമായയും അങ്ങനെ 10 കുറെ, നാനൂറ് ചാത്തനും വിഷ്ണുമായയും എന്നറിയപ്പെടുന്നു.
ഐതിഹ്യ കഥകൾ വ്യത്യസ്തതയോടെ വേറെയും പല കഥാരൂപങ്ങളിൽ പ്രചരിക്കുന്നുണ്ടാവാമെങ്കിലും ഏകദേശം അടിസ്ഥാന കഥ ഈ പറഞ്ഞത് തന്നെയാണ് പാലക്കാടുള്ള ചാത്തനാട് എന്നുപറയുന്ന നമ്പൂതിരി ഗൃഹം, കാട്ടുമാടം മന എന്നറിയപ്പെടുന്ന നമ്പൂതിരി ഗൃഹം, പിന്നെ ചെറുതും വലുതുമായ നിരവധി നമ്പൂതിരി ഗൃഹങ്ങൾ, അതുപോലെ കല്ലടിക്കോട്, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ഉപദേവതയായി അവിടെയും, പിന്നെ ആവണങ്ങാട് കളരി വിഷ്ണുമായ ക്ഷേത്രം, പെരിങ്ങോട്ടുകര ശ്രീ മൂലസ്ഥാനം, പരന്തറയിൽ വിഷ്ണുമായ ക്ഷേത്രം കരിവന്നൂർ, കാരണയിൽ മഠം ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ മഹാക്ഷേത്രം, എട്ടുമന, കാനാടികാവ് വിഷ്ണുമായ ക്ഷേത്രം, തിച്ചമ്പിള്ളി ദേവസ്ഥാനം, ചെമ്പുകാവ്, തൃശ്ശൂർ വിഷ്ണുമായാ ക്ഷേത്രം, ആറ്റൂർ മായോൻ മഠം ശ്രീ വിഷ്ണുമായാ ദേവസ്ഥാനം പാണാവള്ളി, ചേർത്തല, ആലപ്പുഴ, പൊന്നമ്പലം ശ്രീ വിഷ്ണുമായ ദേവീ- ദേവസ്ഥാനം, നെട്ടയം, തിരുവനന്തപുരം, എഡാവിലകം ശ്രീ വിഷ്ണുമയ സ്വാമിക്ഷേത്രം, പരിപ്പള്ളി,കൊല്ലം, വൈദ്യർ മഠം ദേവസ്ഥാനം പത്തനംതിട്ട, ഇലഞ്ഞികാവ് , ആലപ്പുഴ, കണ്ണംകുളം വിഷ്ണുമായ ദേവസ്ഥാനം, ഇങ്ങനെ നിരവധി ചെറുതും വലുതുമായ അനേകം വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രങ്ങൾ കേരളത്തിലുടനീളം ഉണ്ട് ഭക്ത മനസ്സിൽ നിറ ചൈതന്യമായി വിളയാടുന്ന ഒരു സദ് ദേവതയാണ് കുക്ഷിശാസ്താവ് എന്നുകൂടി അറിയപ്പെടുന്ന പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്. വിഷ്ണുമായ അഥവാ പൊന്നുണ്ണി എന്ന ഈ കുഞ്ഞു മൂർത്തിയെ സദാ ആരാധിക്കുന്നവർക്ക് ഐശ്വര്യവും ശ്രേയസും സമാധാനവും മൂർത്തി നല്കുമെന്നതാണ് അനുഭവ സാക്ഷ്യം.
വിഷ്ണുമായ. വാക്കിന് വ്യവസ്ഥ പാലിക്കുന്ന മൂർത്തിയായും അറിയപ്പെടുന്നു. ഉപാസനയുള്ളവർ വിളിച്ചാൽ വിളിപ്പുറത്തതാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ തന്നെ കാണുവാൻ കഴിയും.ചാത്തന് ഏറ്റവും ഇഷ്ടമുള്ള തുകൽ വാദ്യമാണ് ഈഴറ. കളമെഴുത്ത് സമയത്ത് പൊന്നുണ്ണിയെ പ്രീതിപ്പെടുത്താൻ ഈഴറ വാദനം പതിവാണ്. കുട്ടിച്ചാത്തനുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും കഥകളും ഒക്കെയുണ്ട്.
അങ്ങനെ ഒരുഐതിഹ്യകഥയാണ് കുഞ്ചമൺ പോറ്റിയുമായി ബന്ധപ്പെട്ടത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന പുസ്തകത്തിലെ ഒരധ്യായമാണ് കുഞ്ചമൺ പോറ്റിയുടേത്. കുട്ടിച്ചാത്തൻ ഉപാസകനായിരുന്നു കുഞ്ചമൺ പോറ്റി ചാത്തൻ ദേവതയെ കൊണ്ട് ചെയ്യുന്ന പല മന്ത്രവാദ ക്രി യകളും അതിലൂടെ അദ്ദേഹം ആർജ്ജിക്കുന്ന യശസ്സുമാണ് പ്രതിപാദ്യ വിഷയം അതുപോലെ കടമറ്റത്ത് കത്തനാരുമായുള്ള ഒരു സംവാദവും കത്തനാരുടെ മന്ത്രവിദ്യ കൊണ്ട് അയാൾ കുഞ്ചമൺ പോറ്റിയെ തോൽപ്പിക്കുന്നതാണ് അതിലെ മറ്റൊരു ഭാഗം ദ്രാവിഡ ദേവതയാണ് വിഷ്ണുമായ.
ആരാധന അനുഷ്ഠാന വിധികൾ വിശദമായി പ്രതിപാദിക്കുന്നത് “കുക്ഷികൽപ്പം” എന്ന ഗ്രന്ഥത്തിലാണ്. മധു മാംസങ്ങൾ ഉപയോഗിച്ചുള്ള മധ്യമ രീതിയിലുള്ള പൂജയാണ് വേണ്ടത്. അങ്ങനെ അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ വേണ്ടി ചെയ്യുന്ന പൂജയ്‌ക്ക് കലശം വയ്‌ക്കുക എന്നാണ് പറയുക. ചിരട്ടപ്പുട്ട്, കടല, പപ്പടം, കോഴി മാംസം, മുട്ട, മദ്യം ഇവയൊക്കെ പ്രത്യേകം പ്രത്യേകം ആയി നാലായിട്ട് വെയ്‌ക്കുന്നു. കൂളിവാക, വിഷ്ണുമായ, കരിംകുട്ടി, മലനായാടി എന്നീ മൂർത്തികളെ ആരാധിച്ചു കൊണ്ട് ആണു ഇപ്രാകാരം കലശം വെയ്‌ക്കുന്നത്. അങ്ങിനെ ചെയ്യാൻ കഴിവില്ലങ്കിലോ, മധു മാംസങ്ങൾ ഉപയോഗിക്കാത്തവരോ ആണെങ്കിൽ അതിനുപകരം കരിക്ക് മൂട് വെട്ടി തിരിച്ചുവച്ച്, അതിൽ തേനൊഴിച്ച് നിവേദ്യമായി നൽകുന്നു.
ചിലർ തവിട് നിവേദിക്കുന്നു. അങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നിരവധി ഭക്തന്മാർ വിഷ്ണുമായ എന്ന കുട്ടിച്ചാത്തനെ ഭക്തി പൂർവ്വം ആരാധിച്ചു വരുന്നു. ചാത്തൻ എന്ന സാർവ്വനാമത്തിൽ അറിയപ്പെടുന്ന വിഷ്ണുമായ കുട്ടിച്ചാത്തൻ ഒരിക്കലും ഒരു ദുർദേവത അല്ല തന്നെ. ഈയിടെ പുറത്തിറങ്ങിയ ഭ്രമയുഗം സിനിമയിൽ ചാത്തനെ ദുർദേവതയാക്കി ചിത്രീകരിച്ചത് മനുഷ്യമനസ്സിൽ ഭീതിയും അന്ധതയും നിറയ്‌ക്കുന്ന വിധത്തിലായിപ്പോയി. വിഷ്ണുമായ ചാത്തനെ ദൈവമായി ആരാധിക്കുന്ന നിരവധി പേരുടെ മനസ്സിന് വേദനയുണ്ടാക്കുന്ന വിഷയമാണത്. അധികാരിവർഗ്ഗം എന്ന കിരാത കാട്ടാള വർഗ്ഗം എല്ലാക്കാലത്തും ലോകത്തെമ്പായിടത്തും അവരവരുടെ ഇരകളായ ജനതയെ അടിമയാക്കി കാൽച്ചുവട്ടിലിട്ട് ചവിട്ടി അരയ്‌ക്കുന്നത് ലോകഗതിയുടെ ഭാഗമാണ്.
ആ നിഷ്ഠൂരതയുടെ നാടകീയമായ നേർചിത്രമാണ് ഭ്രമയുഗം എന്ന മമ്മൂട്ടി ചലച്ചിത്രം. അസാമാന്യവും അനിതരസാധാരണവുമായ അഭിനയ സിദ്ധിയുടെ വളരെ മൂല്യവത്തായ പ്രകടനമായിരുന്നു ശ്രീ മമ്മൂട്ടിയുടെത്. കാലത്തിന്റെ ചരിത്രവത്തായ മൂല്യങ്ങൾ ആയതുകൊണ്ടാവാം നിഴലും നിലാവും പോലെ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരേയൊരു വിയോജിപ്പുള്ളത് കേരളത്തിൽ ധാരാളമായി ആചരിച്ചാരാധിച്ചു വരുന്ന ചാത്തൻ എന്ന ദേവതയെ ഒരു ദുർമൂർത്തിയായി അപകീർത്തിപ്പെടുത്തി ചിത്രീകരിച്ചു എന്നുള്ളതാണ്.
വളരെ വലിയൊരു വിഭാഗം ജനതയുടെ ആരാധനാമൂർത്തിയും നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ലക്ഷക്കണക്കിന് ഭക്തന്മാരും ഉള്ള ഒരു ദേവതയെ ഏതോ ഒരു ദുർമൂർത്തി എന്ന രീതിയിൽ ചിത്രീകരിച്ചു വച്ചിരിക്കുന്നത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത അപരാധം തന്നെയാണ്.
ഒരു പ്രത്യേക വിഷയം സിംബോളിക്കായി പറയാൻ ശ്രമിച്ചിരിക്കുകയാണ് എങ്കിൽ പോലും അതിന് ചാത്തൻ എന്ന പ്രത്യുത പേര് ഉപയോഗിച്ചത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത വിധത്തിലുള്ള ക്ഷമിക്കാൻ കഴിയാത്ത വിധത്തിലുള്ള ഗുരുതരമായ കുറ്റം തന്നെയാണ് അവർക്ക് അതിനുപകരം അങ്ങനെയൊരു മീഡിയത്തിന് മറ്റന്തെങ്കിലും പേര് പറയാമായിരുന്നു. സിനിമയിൽ ആദ്യം ഉപയോഗിച്ചിരുന്ന “കുഞ്ചമൺ പോറ്റി” എന്ന പേരുമാറ്റി കൊടുമൺ പോറ്റി എന്ന് പറയുന്നുണ്ടെങ്കിലും, കുഞ്ചമൺ ഇല്ലം പോലെ കൊടുമൺ ഇല്ലവും ഉണ്ട്. പൂജാദികർമ്മങ്ങൾ നടത്തുന്ന കൊടുമൺ പോറ്റി എന്നും ഒരു യഥാർത്ഥ ജീവിത വ്യക്തിയുണ്ട്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ , പേരും പശ്ചാത്തലവും നിശ്ചയിക്കുന്നവർ, കൈകാര്യം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള കുറച്ചുകൂടി ചരിത്രപരമായ റഫറൻസ് നടത്തേണ്ടിയിരുന്നു ഇങ്ങിനെ ഒരു നികത്താനാവാത്ത പിഴവുണ്ടെങ്കിലും, അതൊന്നും തന്നെ ചിത്രം പറയാൻ ശ്രമിക്കുന്ന സിംബോളിക് ആയുള്ള വിഷയങ്ങളുടെ അവതരണത്തെയോ അഭിനയ മികവിനെയോ ചിത്രീകരണ മികവിനെയോ ബാധിക്കുന്നതേയില്ല.
കണ്ടിരിക്കുന്നവരെ ആദ്യാവസാനം പിടിച്ചിരുത്തിയ ചലച്ചിത്രത്തിന്റെ പെർഫെക്ഷനോ, അനിതര സാധാരണമായ അഭിനയ മികവുള്ള മമ്മൂട്ടി എന്ന അതുല്യ നടന്റെ പ്രകടനത്തിനോ യാതൊരു കുറവുമില്ല. ചിത്രത്തിന്റെ പ്രമേയവും, കഥാപാത്ര നിർമ്മിതിയും, കലാമികവും, ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത മേന്മയും ഗംഭീരമാണ് എങ്കിൽപ്പോലും ചാത്തൻ എന്ന കഥാപാത്രത്തെ, ആ മഹാ ദേവതയെ ദുർദേവതയായി അവതരിപ്പിച്ചത് അക്ഷന്തവ്യമായ തെറ്റായി തന്നെ കണക്കാക്കുന്നു
എഴുതിയത്. ഡോക്ടർ എൻ എസ് മനോജ് നമ്പൂതിരി ദത്തത്രേയ തന്ത്ര വിദ്യാസമസ്ഥാനം എന്ന അക്കാദമിയുടെ സ്ഥാപകനാണ്. തന്ത്ര കൈവല്യം, 41 പൂജാവിധികൾ, തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കാട്ടാക്കട മാറനല്ലൂർ പുന്നാവൂരാണ് താമസം. ഫോൺ: 7012518653......
Courtesy-
Read more at: https://janamtv.com/80827315/